തൃശൂർ. വിഷുപ്പുലരിയില്‍ കണ്ണനെ കണി കാണാൻ
ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ആയിരങ്ങളാണ് കണ്ണനെ ഒരു നോക്ക് കാണാൻ ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വച്ചിരുന്നു. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. തുടർന്ന് ഭക്തർക്ക് കണികാണാനുള്ള സൗകര്യം ഒരുക്കി. കണി ദർശനം കഴിഞ്ഞവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകി. 3.42 വരെ ഭക്തർ വിഷുക്കണി ദർശിച്ചു. രാത്രി മുതൽ തന്നെ നിരവധി ഭക്തരാണ് വിഷുദിനത്തിൽ ഗുരുവായൂരിൽ ദർശനത്തിനെത്തിയത്. ഗുരുവായൂരപ്പന് തൊഴുതും സമ്മാനങ്ങൾ സമർപ്പിച്ചുമാണ് ഭക്തർ മടങ്ങിയത്. തിരക്കു കാരണം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെ നിരവധി ഭക്തർ പുറത്തുനിന്ന് തൊഴുത് മടങ്ങി.