കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

Advertisement

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.

ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം.ഒരു കുടുംബത്തിലെ ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിനു തൊട്ടുപിന്നാലെ പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.