സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ തുടരാൻ സാധ്യത

Advertisement

സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയിൽ നിന്ന് രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ 11 ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും
വർധിക്കാൻ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാൽ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിൽ മഴ സാധ്യതയുണ്ട്.
മഴക്കൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്.

Advertisement