തൃശൂർ പൂരം: ദൂരപരിധി ആറ് മീറ്ററാക്കി;ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ അഭിഭാഷക സംഘം

Advertisement

കൊച്ചി:
തൃശൂർ പൂരത്തിന് ആനകൾ നിൽക്കുന്നിടത്തു നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാൻ ഹൈക്കോടതി നിർദേശം. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു. അതേസമയം തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

തൃശൂർ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി 50 മീറ്റര്‍ എന്നതിൽ ഇളവ് വരുത്തിയെന്ന് വനം വകുപ്പ് ഇന്ന് കോടതിയെ അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവെന്നും സര്‍ക്കാർ വ്യക്തമാക്കി. എന്നാല്‍ പത്ത് മീറ്ററെങ്കിലും അകലം അനിവാര്യമെന്നായിരുന്നു അമികസ് ക്യൂറി റിപ്പോർട്ട്. എന്നാല്‍ പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. കുടമാറ്റം പോലുള്ള ചടങ്ങിന് ദൂരപരിധി പ്രശ്നമാകുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ആനകൾ നിൽക്കുന്നിടത്തു നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ആനകൾ നിൽക്കുന്നിടത്തു നിന്ന് ആറ് മീറ്ററിനുള്ളിൽ തീവെട്ടി പാടില്ലെന്നും കോടതി വ്യക്തമാക്കി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു. ഇതിനിടെ ഹൈക്കോടതി വിധിയോടെ തൃശൂർ പൂരം നടത്തിപ്പിലെ ആശങ്ക ഒഴിഞ്ഞെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു. സർക്കാർ ഇടപെടലിൽ ദേവസ്വങ്ങൾ സന്തോഷം അറിയിച്ചെന്നും മന്ത്രി കെ രാജൻ.

അതേസമയം തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഒരു ജീവന്‍ പോലും നഷ്ടപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങള്‍ വിശ്വസിക്കാമെന്ന ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.