ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് വേനൽ മഴ ശക്തിപ്പെടാൻ സാധ്യത

Advertisement

ഉയർന്ന ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് വേനൽ മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. വേനൽമഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനത്തിൽ വ്യക്തമാക്കി.
12 ജില്ലകളിൽ ബുധനാഴ്ചവരെ ഉയർന്ന താപനില തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Advertisement