മോദി മലര്‍ത്തിയടിച്ചു, ഇടതു നേതാക്കള്‍ പ്രതിരോധച്ചുവടുമായി രംഗത്ത്

Advertisement

തിരുവനന്തപുരം. കേരളത്തില്‍ പ്രചാരണത്തിന് എത്തി ഇടതുപക്ഷത്തെ നിശിതമായി വിമര്‍ശിക്കുകയും അഴിമതി ആരോപണം നടത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ഇടത് നേതാക്കള്‍ രംഗത്ത്. കരുവന്നൂർ വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തി. കരുവന്നൂർ വിഷയം പ്രധാനമന്ത്രി ഉയർത്തിക്കാട്ടുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തൃശൂർ ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണങ്ങളിൽ രൂക്ഷവിമർശനം നടത്തി. കേരളത്തില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയെ തന്നെ കേരളത്തിൽ എത്തിച്ച കരിവന്നൂർ ബിജെപി സജീവ രാഷ്ട്രീയ ചർച്ചയാക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയെ ഇറക്കിയുള്ള എൽഡിഎഫിന്റെ പൊളിറ്റിക്കൽ സ്ട്രൈക്ക്. മൗനം വെടിഞ്ഞ് മുഖ്യമന്ത്രി തന്നെ മറുപടി നൽകി പ്രതിരോധം തീർത്തു.

സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിൽ 100 കോടിയിലധികം രൂപയുടെ സ്വത്ത് ഉണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമർശം കടന്ന കൈയ്യെന്ന് മുഖ്യമന്ത്രി.

ബാങ്കിന് പുനരുജ്ജിവിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം.ദുരിതകാലത്ത് പോലും സംസ്ഥാനത്തെ സഹായിക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോൾ പുതിയ വാഗ്ദാനവുമായി എത്തുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

വിഭാഗീയത ഉണ്ടാക്കിയാണ് പ്രധാനമന്ത്രി പ്രചാരണം നടത്തുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.

മോദിയുടേത് തട്ടിപ്പ് ഗ്യാരന്റിയാണെന്നും കേരളത്തിൽ ഇടക്കിടെ വരുന്ന പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തത് എന്തുകൊണ്ടാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു