കോഴിക്കോട് .സൌദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. ഇരു വിഭാഗത്തേയും കേട്ട ശേഷം കോടതി അബ്ദുറഹീമിന്‍റെ വധശിക്ഷ റദ്ദാക്കി, മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
പെരുന്നാളവധി കഴിഞ്ഞ് ഇന്നലെ കോടതി തുറന്നപ്പോള്‍ തന്നെ അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. അബ്ദുറഹീമിന്‍റെ അഭിഭാഷകന്‍ ഇന്നലെ കോടതിയിലെത്തിയിരുന്നു. അബ്ദുറഹീമിന്‍റെ പരിചരണത്തിലിരിക്കെ മരിച്ച സൌദി ബാലന്‍റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം റെഡിയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. അപേക്ഷ കോടതി സ്വീകരിച്ചതായി വാദിഭാഗം അഭിഭാഷകന്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയും റഹീമിന്‍റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദീഖ് തുവ്വൂരും പറഞ്ഞു. ഈ വിഷയത്തില്‍ ഇനി കോടതി ഇരു വിഭാഗത്തേയും കേള്‍ക്കും.
ദയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ ഇരു കക്ഷികളും ഒപ്പുവെയ്ക്കുന്ന കരാര്‍ ആഭ്യന്തര മന്ത്രാലയം വഴി കോടതിയില്‍ എത്തിയാല്‍, കോടതി തുടര്‍ നടപടികളിലേക്ക് കടക്കും. അബ്ദുറഹീമിന്‍റെ വധശിക്ഷ റദ്ദാക്കി, ജയില്‍ മോചിതനാക്കാനുള്ള ഉത്തരവ് കോടതിയില്‍ നിന്നുണ്ടാകും. അതേസമയം 34 കോടി രൂപ നാട്ടില്‍ നിന്നു സൌദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം വഴി, സൌദിയിലെ ഇന്ത്യന്‍ എംബസിയുടെ അക്കൌണ്ടില്‍ ഫണ്ട് എത്തിച്ച് സൌദി കുടുംബത്തിന് കൈമാറാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.