ഉയർന്ന ചൂടിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യത

Advertisement

സംസ്ഥാനത്ത് ഉയർന്ന ചൂടിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളിൽ ഇന്നും നാളെയും വേനൽ മഴ ലഭിക്കും.നാളെ കഴിഞ്ഞു തുടർന്നുള്ള രണ്ടു ദിവസം വടക്കൻ ജില്ലകൾ ഉൾപ്പെടെ വേനൽ മഴ കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്.വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 11 ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലർട്ട് പ്രഖാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന ഇടങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

Advertisement