തൃശൂര്‍. പൂരത്തിൻ്റെ വരവറിയിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് ഒരുങ്ങിക്കഴിഞ്ഞു തൃശൂരില്‍. രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും. ആകാശത്ത് കുടമാറ്റം തീർക്കുകയാണ് പൂരാരാധകര്‍ ഇവിടെ
തൃശ്ശിവപേരൂരിന്റെ മാനത്ത് ഇന്ന് രാത്രി ശബ്ദ-വർണ വിസ്മയങ്ങള്‍ പെയ്തിറങ്ങും. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും.
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. മുണ്ടത്തിക്കോട് വയലിന് നടുവിലെ വെടിപ്പുരകൾ അവസാനവട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ.
വെടിക്കെട്ടിൽ സാധാരണക്കാരനായ ഓലപ്പടക്കം വരെയുള്ളവരുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പ്രത്യേകം ഉണക്കിയ എത്തിച്ച ഓലകൾ ചീന്തി ഉണ്ടാക്കുന്ന ഓലപ്പടക്കത്തിനും പൂര പ്രേമികൾക്കിടയിൽ ആരാധകർ ഏറെയാണ്.
തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോൾ പതിനായിരങ്ങൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. പിന്നാലെ പാറമേക്കാവും. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രീൻ സോണായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാം. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്.