കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ കീറി, വിനോദസഞ്ചാരികളായ രണ്ട് ജൂത വനിതകള്‍ക്കെതിരെ കേസ്

Advertisement

കൊച്ചി: കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ കീറിയ സംഭവത്തില്‍ വിനോദസഞ്ചാരികളായ രണ്ട് ജൂത വനിതകള്‍ക്കെതിരെ കേസെടുത്ത് പോലീസ്.

ഓസ്ട്രേലിയന്‍ വംശജരായ രണ്ട് സ്ത്രീകള്‍ക്കെതിരെയാണ് കൊച്ചി പോലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ മതസ്പര്‍ദ വളര്‍ത്തുന്നതിനെതിരായ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ പോലീസ് നിരീക്ഷണത്തിലാകും ഇവര്‍ താമസിക്കുക. ആവശ്യമെങ്കില്‍ ഇവരെ കോടതിയില്‍ ഹാജരാക്കും.

തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രചരിച്ച വീഡിയോയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ കീറി അതു ചുരുട്ടി കയ്യില്‍ വയ്ക്കുകയും എതിര്‍ത്ത ചിലരോട് തര്‍ക്കിക്കുന്നതും കാണാം.. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണ് പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പോസ്റ്റര്‍ കീറിയതില്‍ യുവതികള്‍ക്കെതിരെ എസ്ഐഒ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കേസെടുക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നടപടി.