തൃശൂര്‍. പൂരോല്ലാസമെന്ന സ്വപ്നത്തിലേക്ക് ഇനി മണിക്കൂറുകള്‍. ആയിരങ്ങളെ സാക്ഷിയാക്കി തൃശ്ശൂർ പൂര വിളമ്പരം നടന്നു. നെയ്തലക്കാവിൽ അമ്മയുടെ തിടമ്പേറ്റി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് പൂരവിളമ്പരം നടത്തി. നാളെയാണ് തൃശ്ശൂർ പൂരം. പൂര ദിനത്തിൽ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും.
.ജനാരവത്തിനു നടുവിലൂടെ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്നെത്തി. കൈയുയർത്തിപ്പിടിച്ച ആർപ്പുവിളിച്ച് ജനസാഗരം ഇരമ്പിയാർത്തു.
വടക്കുംനാഥൻ വണങ്ങി പൂരാനുമതി തേടി 12: 15ടെയാണ് തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ എത്തിയത്. പിന്നീട് നിലപാട് തറയിൽ എത്തി ശക്തൻ തമ്പുരാൻറെ അനുമതി സങ്കൽപ്പിച്ച് മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തി.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പൂര പ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പൂരത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടി. ഇക്കുറിയും നെയ്തലകാവ് അമ്മയുടെ തിടമ്പേറ്റുക രാമനാവും. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥുനിലെത്തുന്നതോടെ പൂര വരവ് ആരംഭിക്കും. പിന്നാലെ 36 മണിക്കൂർ നീളുന്ന പൂരവും.