ജെസ്‌ന തിരോധാനക്കേസ്: എല്ലാവരുടെയും മൊഴിയെടുത്തു രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ലെന്നും സിബിഐ

Advertisement

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ എല്ലാവരുടെയും മൊഴി എടുത്തുവെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല.ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ പറഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായത്. ജെസ്‌നയുടെ രക്തക്കറകള്‍ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയതായി ജെസ്‌നയുടെ പിതാവ് ആരോപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ കാണാതാകുന്നത്.
ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞ ദിവസം പിതാവ് ജെയിംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരം തന്റെ കൈയിലുണ്ടെന്നും ജെയിംസ് കോടതിയെ അറിയിച്ചിരുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ച് താൻ വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും ആരോപിക്കുന്നു.
സുഹൃത്ത് അറിയാതെ രഹസ്യ സ്വഭാവത്തോടെ സിബിഐ അന്വേഷിക്കാൻ തയ്യാറായാൽ വിവരം നൽകാൻ തയ്യാറാണെന്നും ജെയിംസ് സത്യവാങ്മൂലത്തിൽ അറിയിച്ചു. ജെസ്‌നയെ കാണാതായത് ഒരു വ്യാഴാഴ്ചയാണ്. ജെസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് പറഞ്ഞു. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തിയില്ല എന്നും ജെയിംസ് ആരോപിച്ചിരുന്നു.