മധുരയിൽ ടിഫിൻ ബോക്സ് ബോംബാക്രമണം, 2 പേർക്ക് പരുക്കേറ്റു

Advertisement

ചെന്നൈ.തമിഴ്നാട് മധുരയിൽ ടിഫിൻ ബോക്സ് ബോംബാക്രമണം. 2 പേർക്ക് പരുക്കേറ്റു. മധുര മേലൂർ സ്വദേശി നവീൻകുമാർ, ഓട്ടോ ഡ്രൈവർ കണ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം ക്ഷേത്രചടങ്ങുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമെന്നാണ് സൂചന.

മധുര ജില്ലയിലെ മേലൂരിനടുത്താണ് സംഭവം. ഗീസാവലു സ്വദേശിയായ നവീൻകുമാറും പ്രതികളും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നു.
വീരകാളിയമ്മൻ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് ബോംബാക്രമണത്തിൽ കലാശിച്ചത്. ബസ് സ്റ്റോപ്പിന് സമീപം കാറിലുണ്ടായിരുന്ന നവീൻകുമാറിന് നേരെ പ്രതികളായ വില്ലിയതേവൻ, അശോക്, കാർത്തി എന്നിവർ ടിഫിൻ ബോക്സിൽ തയാറാക്കിയ ബോംബെറിയുകയായിരുന്നു.
സ്ഫോടനത്തിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ നവീൻകുമാറിനെ അക്രമിസംഘം വാളുപയോഗിച്ച് വെട്ടി. നവീൻ കുമാറിന്റെ വലതു കൈവിരലിന് വെട്ടേറ്റു. ആക്രമണം കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടി എത്തിയതോടെ പ്രതികൾ കടന്നുകളഞ്ഞു. ബോംബ് ആക്രമണത്തിൽ നവീൻകുമാറിൻ്റെ കാറിന് സമീപം ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ കണ്ണൻ്റെയും കഴുത്തിന് പരിക്കേറ്റു. ഇരുവരെയും ഉടൻ മേലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നവീൻകുമാറിനെ തുടർ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക്മാറ്റി. സംഭവത്തിൽ വില്ലിയതേവൻ, മഹാലിംഗം എന്ന മൈക്കിൾ ഏനർ, അശോക്, അജയ്, കാർത്തി, വസന്ത്, കണ്ണൻ, ബാലു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ നിർദേശപ്രകാരം പ്രത്യേക സേന രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.

Advertisement