സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; വ്യാഴാഴ്ച വരെ പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിക്കാനിടയുണ്ട്.
സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

കേരള തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

Advertisement