ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം? സഹോദരിയെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടി

Advertisement

ആലപ്പുഴയില്‍ പൂങ്കാവില്‍ ദൃശ്യം മോഡല്‍ കൊലപാതകം നടന്നതായി സംശയം. സഹോദരിയെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. റോസമ്മയുടെ സഹോദരന്‍ ബെന്നി കസ്റ്റഡിയില്‍. കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോട് സമ്മതിച്ചിരുന്നു. വീടിനകം കുഴിച്ച് പരിശോധിക്കും.
പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് ദൃശ്യം മോഡലില്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടെന്നുമാണ് സംശയിക്കുന്നത്.
ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവില്‍ സഹോദരന്‍ ബെന്നിയ്ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാന്‍ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിര്‍ത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് സൂചന.