ഇടുക്കി. നെടുങ്കണ്ടത്തെ സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത ഷീബയുടെ കുടുംബം. ബാങ്ക് ജീവനക്കാരി ഷീബയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്നാണ് ആരോപണം. പോലീസും പൊള്ളലേറ്റ ഷീബയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും കുടുംബം പറയുന്നു.
നെടുങ്കണ്ടം ആശാരികണ്ടത്തെ 13 സെൻറ് സ്ഥലവും വീടും പണയപ്പെടുത്തി 2015-ൽ ജോസഫ് ആൻറണിയാണ് 25 ലക്ഷം രൂപ വായ്പയെടുക്കുന്നത്. ഇത് നിലനിർത്തി സ്ഥലം നവജ്യോതി എന്നയാൾക്ക് ആദ്യം വിറ്റു. പിന്നീട് 2017 ൽ 41 ലക്ഷം രൂപക്ക് ഷീബയും കുടുംബവും ഈ സ്ഥലവും വീടും വാങ്ങി. വായ്പയിൽ 15 ലക്ഷം രൂപ ബാങ്കിൽ അടക്കണമെന്നായിരുന്നു കരാർ. എന്നാൽ തിരിച്ചടവ് മുടങ്ങി. സൗത്ത് ഇന്ത്യൻ ബാങ്ക് കോടതിയെ സമീപിച്ച് ജപ്തി നടപടിക്കുള്ള ഉത്തരവ് സമ്പാദിച്ചു. ഇതിനായി എത്തിയപ്പോൾ ആയിരുന്നു ആത്മഹത്യാശ്രമം ഉണ്ടാകുന്നത്. ജപ്തി നടപടിക്കെതിരെ ഹൈക്കോടതി സമീപിച്ചിട്ടുണ്ടന്നും, 22ആം തീയതി വരെ സമയം അനുവദിക്കണമെന്നുമുള്ള ഷീബയുടെ ആവശ്യം ബാങ്ക് അധികൃതർ അംഗകരിച്ചില്ലെന്നും കുടുംബം പറയുന്നു.
തീ കത്തിയതിനുശേഷം രക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടും ബാങ്ക് ജീവനക്കാരും പോലീസും രക്ഷപ്പെടുകയാണ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു. വിവരമറിഞ്ഞ് നെടുംകണ്ടത്തു നിന്നുമെത്തിയ പോലീസ് ഉദ്യോഗസ്ഥരും പൊള്ളലേറ്റ് കിടന്ന ഷീബയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചില്ലെന്നും പരാതിയുണ്ട്. അതേ സമയം നിയമ നടപടികൾ എല്ലാം പാലിച്ചാണ് ജപ്തി നടത്തിയതെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ.