കാസർകോട് :ചീമേനിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കള്ളവോട്ടിനു കൂട്ടുനിൽക്കുന്നതായി പരാതി. അഞ്ചോളം ഇരട്ട വോട്ടുകൾ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് യുവാവിന്റെ പരാതി. ഫീൽഡ് ഓഫിസർ എം. പ്രദീപന്റെ ഇരട്ടവോട്ടിനെക്കുറിച്ച് സംസാരിക്കുന്ന ഓഡിയോ സഹിതമാണ് ചീമേനി ചെമ്പ്രക്കാനത്തെ എം വി ശില്പരാജ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. ഇരട്ട വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശില്പരാജ് നൽകിയ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ ഫീൽഡ് ഓഫിസർ എം പ്രദീപ്, അഞ്ചോളം സ്ഥലങ്ങളിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്നും അക്കാര്യം റിപ്പോർട്ട് ചെയ്യാത്തത് താൻ ഒരു ഇടത് പക്ഷ അനുഭാവി ആണെന്നും ഇടത്പക്ഷത്തിനു രണ്ട് വോട്ട് അധികം ലഭിക്കുകയാണെങ്കിൽ നല്ലതല്ലേ എന്ന് യുവാവിനോട് പറയുന്നതുമാണ് കളക്ടർക്ക് നൽകിയ ഓഡിയോയിൽ ഉള്ളത്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു.