തൃശ്ശൂർ. പൂരത്തിലെ പോലീസ് ഇടപെടലിൽ സർക്കാർ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടി ഹൈക്കോടതി. പൂരവിവാദം ശബരിമല പോലെ ആളിക്കത്തിക്കാൻ ശ്രമമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ. തൃശൂർ പൂരം വിവാദത്തിന് ശേഷം ചിലയിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയെന്ന് കെ മുരളീധരനും പറഞ്ഞു. എന്നാൽ പൂര വിവാദം തൃശൂരിലെ തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. അതിനിടെ പാറമേക്കാവ് ദേവസ്വത്തിനെതിരെ അമികസ് ക്യൂറി രംഗത്തെത്തി.
തെരഞ്ഞെടുപ്പിനു മണിക്കൂറുകൾ ശേഷിക്കെ പൂരവിവാദത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിക്കുകയാണ് എൽഡിഎഫ്. ഒപ്പം വിഷയത്തിൽ ഇനി പ്രതികരിക്കേണ്ടത് ഇല്ലെന്ന നിലപാടിലാണ് ബിജെപിയും. പൂരത്തിലെ പോലീസ് ഇടപെടലിൽ സർക്കാർ ഉൾപ്പെടെയുള്ളവരോട് ഹൈക്കോടതി വിശദീകരണം തേടി. ആചാരങ്ങളിലടക്കം പോലീസ് ഇടപെട്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഹർജി അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും. വിവാദം വോട്ടാക്കാൻ ചില മുന്നണികൾ ശ്രമിച്ചുവെന്ന് വിഎസ് സുനിൽകുമാർ പ്രതികരിച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരാചാരവും മുടങ്ങിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എന്നാൽ പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ല എന്ന നിലപാടിലാണ് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.
പൂരത്തിനുശേഷം ചിലയിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പൂരത്തിന് പൊലീസ് അഴിഞ്ഞാടാൻ കാരണം സംസ്ഥാന സർക്കാർ ആണെന്നും കുറ്റപ്പെടുത്തി.
അതിനിടെ പാറമേക്കാവ് ദേവസ്വത്തിനെതിരെ അമിക്കസ് ക്യൂറി രംഗത്തെത്തി. ഹൈക്കോടതി ഏത് ഉത്തരവിട്ടാലും അനുസരിക്കില്ലെന്ന് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഹൈക്കോടതി ഉത്തരവിനെ ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയും വാക്കുകളുമാണ് രാജേഷിന്റേതെന്നും അമിക്കസ് ക്യൂറി വിമർശിച്ചു.