‘ബറോസി’ൻ്റെ ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത്

Advertisement

കൊച്ചി: മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമെന്ന കാരണത്താല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ‘ബറോസ്’. ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ് എന്നതും കൌതുകം. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മട്ടില്‍ സെറ്റില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഒപ്പം ബറോസ് എന്ന കഥാപാത്രമായി മാറുന്ന അഭിനേതാവായ മോഹന്‍ലാലിനെയും. മോഹന്‍ലാലിന് സഹായവുമായി സംവിധായകന്‍ ടി കെ രാജീവ് കുമാറും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനുമുണ്ട്. 3.27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു സാധാരണ ബിടിഎസ് വീഡിയോയില്‍ നിന്ന് ഇതിനെ വേറിട്ടതാക്കുന്നത് അവസാനം അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിലെ ഏതാനും സ്റ്റില്ലുകളാണ്. ഇതിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്റെ ആദ്യ സിനിമയാണ് ബറോസ്.