തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ

Advertisement

തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 27ന് രാവിലെ ആറു വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആര്‍.

കൃഷ്ണതേജ ഉത്തരവിട്ടു. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്നു വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.

വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം/മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല.

അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ നോട്ടീസ് നല്‍കാതെ നിയമ നടപടികള്‍ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973 ലെ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.