അത് ഒറിജിനലല്ല, വ്യാജന്‍, വിഡി സതീശന്‍

Advertisement

തിരുവനന്തപുരം.ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

മനോരമ ഓണ്‍ലൈനിന്റെ പേരിലുള്ള കാര്‍ഡായി താന്‍ പറയാത്ത കാര്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. വാര്‍ത്താ കാര്‍ഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓണ്‍ലൈനും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു. വോട്ടെടുപ്പിന്റെ തലേദിവസം വ്യാജ വാര്‍ത്താ കാര്‍ഡുണ്ടാക്കി പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്നും പരാതിയില്‍ പറയുന്നു.

പരാതി ഇങ്ങനെ

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ പറയാത്ത കാര്യം മനോരമ ഓണ്‍ലൈനിന്റെ പേരിന്‍ വാര്‍ത്താ കാര്‍ഡ് ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിന്റെ തലേദിവസം ഇത്തരം ഒരു വ്യാജ വാര്‍ത്താ കാര്‍ഡ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. വാര്‍ത്താ കാര്‍ഡ് വ്യാജമായി സൃഷ്ടിച്ചത് ആണെന്ന് മനോരമ ഓണ്‍ലൈനും സ്ഥിരീകരിക്കുന്നു. സമൂഹത്തില്‍ ഭിന്നിപ്പും വിഭാഗീയതയും ഉണ്ടാക്കാനാണ് ഇത്തരം നീക്കങ്ങള്‍ . വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ നീക്കത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. വ്യാജ വാര്‍ത്താ കാര്‍ഡ് ഉണ്ടാക്കിയര്‍ക്കെതിരെയും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും മാതൃകാപരമായ നിയമ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു.

Advertisement