വാർത്താനോട്ടം

Advertisement

2024 ഏപ്രിൽ 27 ശനി

🌴കേരളീയം🌴

🙏 ഇന്നലെ നടന്ന ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്. 2019ല്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 75.74 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 63.35 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്.

🙏 സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കനത്ത ചൂടില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷം മടങ്ങി.

🙏 രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

🙏 മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജര്‍ അഴിമതി കേസില്‍, സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നല്‍കി . സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടിയത്. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

🙏 സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി 7 പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു.ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.

🙏ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈല്‍ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പിടികൂടിയത്.77ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം 80ആം നമ്പര്‍ ബൂത്തില്‍ എത്തിയപ്പോഴാണ് തടഞ്ഞത്. ഇദ്ദേഹത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യത്തെ ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് വോട്ടെടുപ്പ് നടന്ന 88 മണ്ഡലങ്ങളില്‍ 64.7 ശതമാനമാണ് പോളിങ്. 2019 ല്‍ 69.4 ശതമാനമായിരുന്നു. ലോക്‌സഭയിലേക്കുള്ള 543 മണ്ഡലങ്ങളില്‍ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായി.

🙏 വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സഖ്യ നേതാക്കള്‍ ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാന്‍ നോക്കുന്നുവെന്നും അവര്‍ക്കുള്ള തക്കതായ മറുപടിയാണ് സുപ്രീം കോടതി വിധിയെന്നും മോദി വ്യക്തമാക്കി.

🙏 നിര്‍ണായകമായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. തുടര്‍ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് ഇന്ന് നടത്തുമെന്നാണ് സൂചന.

🙏 പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ് മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആണ് അമൃതപാല്‍ സിംഗ് മത്സരിക്കുന്നത്. നിലവില്‍ അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃതപാല്‍ സിംഗ്.

🇦🇴 അന്തർദേശീയം 🇦🇽

🙏 ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. എന്നാല്‍, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ ഇരു രാജ്യത്തിനുമിടയിലുണ്ടെന്നും ചൈനാസന്ദര്‍ശനത്തിനെത്തിയ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനോട് അദ്ദേഹം പറഞ്ഞു.

🏏 കായികം🏏

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കടക്കാന്‍ സാധിക്കാതിരുന്നതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ച്. 2021 സീസണ്‍ മുതല്‍ അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു.

🙏 ഐപിഎല്‍ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് ചേസ് വിജയവുമായി പഞ്ചാബ് കിംഗ്‌സ്. ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവരുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് പടുത്തുയര്‍ത്തി. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ജോണി ബെയര്‍‌സ്റ്റോയുടെയും (48 പന്തില്‍ പുറത്താവാതെ 108) ശശാങ്ക് സിംഗിന്റെയും (28 പന്തില്‍ 68) പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും മികവില്‍ (20 പന്തില്‍ 54) വെറും 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു

Advertisement