ഭൂ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമോ

Advertisement

ഇടുക്കി.ഭൂ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും എന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാലാണ് ഗവർണർ ബില്ലിൽ ഒപ്പിടാൻ തയ്യാറായതെന്നും സി വി വർഗീസ് പറഞ്ഞു. എന്നാൽ പുതിയ ഭേദഗതി ഭൂപ്രശനങ്ങൾക്ക് പരിഹാരം ആവില്ലെന്നും വൻകിടക്കാരെ മാത്രം ലക്ഷ്യംവെച്ച് തയ്യാറാക്കിയ ബില്ലാണിതെന്നും അതിജീവന പോരാട്ട വേദി കുറ്റപ്പെടുത്തി.

ഭൂഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പിട്ടതോടെ ചട്ടം രൂപീകരിക്കുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങും. ഇതോടെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫിസുകൾ വരെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും. ജീവിതോപാധിക്കായി നടത്തിയ ചെറുനിർമാണങ്ങളും കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാണ് ചട്ടനിർമാണം. ഇടുക്കി ജില്ലയിലെ സങ്കീർണമായ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന പിണറായി വിജയൻ സർക്കാരിൻറെ വാക്ക് പാലിക്കപ്പെട്ടുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

പുതിയ ഭേദഗതിയിലെ ചട്ടനിർമ്മാണം വൻകിടക്കാരെ മാത്രം സഹായിക്കാൻ വേണ്ടി എന്നാണ് അതിജീവന പോരാട്ട വേദിയുടെ കുറ്റപ്പെടുത്തൽ.

64 ലെ ചട്ടം മാത്രം ഭേദഗതി ചെയ്യുന്നത് കർഷകർക്ക് ഗുണകരമാകില്ല എന്നും, ജനങ്ങളെ അണിനിരത്തി ചട്ട നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുമെന്നും അതിജീവന പോരാട്ട വേദി വ്യക്തമാക്കി.

Advertisement