സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനം,കഴിഞ്ഞ തവണയേക്കാള്‍ 6 ശതമാനം കുറവ്

Advertisement

തിരുവനന്തപുരം: കേരളത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനമെന്ന് റിപ്പോര്‍ട്ട്.

കൂടിയാല്‍ രണ്ടു ശതമാനം കൂടി മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറു ശതമാനം വോട്ടുകളിലാണ് കുറവ് വന്നിരിക്കുന്നത്. വീട്ടിലെത്തി ചെയ്തതും പോസ്റ്റല്‍ വോട്ടുകളും കണക്കില്‍ പെടുത്തിയിട്ടില്ല.

ഇന്നലെ പുറത്തുവന്ന കണക്കുകളില്‍ 70.35 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2019 ല്‍ പോളിംഗ് 77.84 ശതമാനമായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കയിലാക്കി. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കളില്‍ വലിയൊരു വിഭാഗം വിദേശത്തേക്കു കുടിയേറിയതും പോളിങ് ശതമാനം കുറയാന്‍ കാരണമായി. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്- 75.74%. ഏറ്റവും പിന്നില്‍ പത്തനംതിട്ട- 63.35%. കണ്ണൂരിനു പുറമേ 10 മണ്ഡലങ്ങള്‍ കൂടി 70% കടന്നു. ആലപ്പുഴ-74.37, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര- 73.36, കാസര്‍ഗോഡ്-74.28 എന്നിവയാണ് അവ.

ഇന്നലെ രാവിലെ എഴിനാരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കേണ്ടതായിരുന്നെങ്കിലും രാത്രി വൈകിയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ പലരുടെയും പരിചയക്കുറവും വോട്ടെടുപ്പ് നീളാന്‍ കാരണമായി. ആകെ വോട്ടര്‍മാര്‍ 2,77,49,159. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് ഇടുക്കിയിലും. 1800-ല്‍ ഏറെ ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളതായി കണ്ടെത്തിയിരുന്നെങ്കിലും കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത് ആശ്വാസമായി.

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലാണ് ഇന്നലെ രണ്ടാംഘട്ടം വോട്ടെടുപ്പ് നടന്നത്. ഫലപ്രഖ്യാപനം ജൂണ്‍ നാലിന്. സംസ്ഥാനത്ത് വോട്ടെടുപ്പ് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 66,303 പോലീസ് ഉദ്യോഗസ്ഥരാണു സുരക്ഷാചുമതല നിര്‍വഹിച്ചത്. എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും ആറ് ജില്ലകളില്‍ 75% ബൂത്തുകളിലും തത്സമയ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

വോട്ടെടുപ്പ് കഴിയുമ്‌ബോള്‍ സംസ്ഥാനത്ത് കൂട്ടിയും കിഴിച്ചും കണക്കുകള്‍ മെനയുകയാണ് മുന്നണികള്‍. 16 മുതല്‍ 20 വരെ സീറ്റുകളാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. ആറിനും പത്തിനുമിടയില്‍ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് ഇടതു ക്യാമ്ബിന്റെ വിലയിരുത്തല്‍. അക്കൗണ്ട് തുറക്കാനായില്ലെങ്കിലും വോട്ട് ഷെയര്‍ കുത്തനെ കൂട്ടാനാകുമെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു.