ദൂരപരിധി നീക്കി റെയില്‍വേ; ക്യൂ നില്‍ക്കാതെ, UTS ആപ്പ് വഴി ഇനി ജനറല്‍ ടിക്കറ്റെടുക്കാം

Advertisement

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഹ്‌ളാദകരമായ പുതിയ പ്രഖ്യാപനവുമായി ഇന്ത്യന്‍ റെയില്‍വേ. അണ്‍റിസര്‍വ്ഡ് ടിക്കറ്റെടുക്കാന്‍ സഹായിക്കുന്ന യുടിഎസ് ആപ്പില്‍ (UTS Mobile App) ഏര്‍പ്പെടുത്തിയിരുന്ന ജിയോഫെന്‍സിംഗ് നിയന്ത്രണങ്ങള്‍ റെയില്‍വേ നീക്കി.

അതായത് ഇനിമുതല്‍ യാത്രക്കാര്‍ക്ക് വീട്ടില്‍ ഇരുന്നു പോലും ജനറല്‍ ട്രെയിന്‍ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും വാങ്ങാം.

എന്താണ് യുടിഎസ് ആപ്പ്: അണ്‍റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (UTS) എന്നതാണ് യുടിഎസിന്റെ പൂര്‍ണ്ണരൂപം. ജനറല്‍ സീറ്റ് ടിക്കറ്റ് ബുക്കിങ്ങിനായി സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (CRIS) വികസിപ്പിച്ച GPS-അധിഷ്ഠിത ആപ്പ് ആണ് ഇത്. 2014ല്‍ ആണ് റെയില്‍വേ ഈ ആപ്പ് അവതരിപ്പിക്കുന്നത്.

യുടിഎസ് ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചില ദൂരനിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ബോര്‍ഡിംഗ് സ്റ്റേഷന്റെ 2 കിലോമീറ്ററിന് ഉള്ളിലും 15 മീറ്റര്‍ അകലെയും ഉള്ള ദൂരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. സ്മാര്‍ട്ട്ഫോണിലെ ജിപിഎസ് കോര്‍ഡിനേറ്റുകള്‍ ഉപയോഗിച്ചാണ് ഈ ദൂരപരിധി കണ്ടെത്തിയിരുന്നത്.

യുടിഎസ് ആപ്പ് ഏറെ ഉപകാരപ്രദമായ ഒന്നായിരുന്നു എങ്കിലും ഈ ദൂരനിയന്ത്രണം ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ യുടിഎസ് ആപ്പിലെ ജിയോഫെന്‍സിംഗ് നിയന്ത്രണങ്ങള്‍ റെയില്‍വേ നീക്കിയയോടെ ജനറല്‍ കോച്ചില്‍ യാത്രചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം ഒരുങ്ങി.

യുടിഎസ് ആപ്പിന്റെ നേട്ടങ്ങള്‍: സ്റ്റേഷനിലെത്തി വലിയ ക്യൂ നില്‍ക്കാതെ തന്നെ ജനറല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ നേട്ടം. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു ആപ്പ് ഉള്ളത് അറിയാത്ത നിരവധി പേര്‍ ഉണ്ട് എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.

ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, ജനറല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്ക് ചെയ്യാം, വിവിധ കാലയളവുകളിലേക്കുള്ള സീസണ്‍ ടിക്കറ്റുകള്‍ എടുക്കുകയും പുതുക്കുകയും ചെയ്യാം എന്നിവയൊക്കെയാണ് യുടിഎസ് ആപ്പ് കൊണ്ടുള്ള നേട്ടങ്ങള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പിള്‍ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

യുടിഎസ് ആപ്പിലെ ജിയോഫെന്‍സിംഗ് നിയന്ത്രണം നീക്കം ചെയ്യാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചതായി സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (CRIS) ആണ് അറിയിച്ചത്. ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും.