പത്തനാപുരത്തും വയനാട്ടിലും കാട്ടാനകൾ ചരിഞ്ഞ നിലയിൽ… തെന്മലയിൽ പുള്ളി പുലിയും ചത്തനിലയിൽ

Advertisement

കൊല്ലം പത്തനാപുരം കടശേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം മുപ്പതു വയസുള്ള  കൊമ്പനാണ് ചരിഞ്ഞത്. ജഡത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. വെള്ളം തേടി എത്തിയപ്പോൾ വീഴ്ചയിൽ ഉണ്ടായ പരുക്കുകളാണ് ചരിയാൻ കാരണമെന്നാണ് നിഗമനം. പത്തു ദിവസത്തിലേറെയായി ആന വെള്ളം കുടിച്ചിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉയർന്ന ചൂടും വെള്ളം ഇല്ലാതിരുന്നതും ആനയുടെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമായതായാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. ജഡം വനത്തിൽ സംസ്കരിച്ചു.
അതേസമയം വയനാട് പനമരം അമ്മാനിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞതാണെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം.
കൊല്ലം തെന്മല വനം റേഞ്ചിലെ നാഗമലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് ഇന്നലെ ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്. സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമൻ എന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്. എന്നാൽ അതെ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പുലിയുടെ മരണത്തിൽ അന്വേഷണം തുടങ്ങി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.