ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി

Advertisement

കോഴിക്കോട്. വെള്ളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവർ ആയ ശ്രീകാന്താണ് മരിച്ചത്. കൊലപാതക കേസിൽ പ്രതിയാണ് ശ്രീകാന്ത്.

ഇന്ന് പുലർച്ചെയാണ് സംഭവം. വീടിനു സമീപത്തെ പണിക്കർ റോഡിൽ വച്ചാണ് 47 കാരനായ ശ്രീകാന്ത് കൊല്ലപ്പെട്ടത്. രാവിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സ്ത്രീകളാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
ബൈക്കിൽ എത്തിയ ആളാണ് കൊലപാതകം നടത്തിയത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞദിവസം ശ്രീകാന്തിന്റെ കാർ തീ വെച്ച് നശിപ്പിച്ചിരുന്നു. ഇതിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയിലാണ് കൊലപാതകം. കുണ്ടുപറമ്പ് പ്രഭാകരൻ വധക്കേസിലെ പ്രതിയാണ് ശ്രീകാന്ത്. ഇതിന്റെ പ്രതികാരമാണോ കൊലപാതകം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വെള്ളയിൽ ഹാർബർ ഭാഗത്തേക്കാണ് പ്രതി പോയത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാന്തിനൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന എലത്തൂർ സ്വദേശിയായ സുഹൃത്തിനെ പോലീസ് കസ്ററഡിയിലെടുത്തിടുണ്ട്. മദ്യപിച്ച് ബോധരഹിതനായിരുന്ന സുഹൃത്തിനെ ഏറെ വൈകിയാണ് ചോദ്യം ചെയ്യാനായത്. സംഭവത്തിൽ ഇയാൾക്ക് നേരിട്ട് പങ്കില്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.