മേയര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കെഎസ്ആര്‍ടിസി ഡ്രൈവര്‍…ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും തന്നെ തെറിവിളിച്ചെന്നും ആരോപണം

Advertisement

തിരുവനന്തപുരത്ത് നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ മേയര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. എംഎല്‍എ സച്ചിന്‍ ദേവ് ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും തന്നെ തെറിവിളിച്ചെന്നും യദു പറഞ്ഞു. ബസ് തടഞ്ഞിട്ട എംഎല്‍എ അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു. മേയറും മോശമായി പെരുമാറി. മേയറുടെ കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചത് ഇടതുവശത്തുകൂടെയായിരുന്നു.
ഇത് മൊബൈലില്‍ ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചെന്നും ജോലി കളയിക്കുമെന്ന് മേയറും സംഘവും ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞു.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ കാറിലുള്ളവരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയശേഷം ഡ്രൈവര്‍ വിളിച്ച് ക്ഷമ പറഞ്ഞു. സിഗ്‌നലില്‍ വച്ചാണ് ഡ്രൈവറോട് സംസാരിച്ചത്, വണ്ടി തടഞ്ഞിട്ടിട്ടില്ല. എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല, യാത്രക്കാരോട് ഇറങ്ങാനും പറഞ്ഞിട്ടില്ല. പൊലീസ് വന്നാണ് ഡ്രൈവറെ വണ്ടിയില്‍നിന്ന് ഇറക്കിയത്. ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല, പരാതി നല്‍കുമെന്ന് പറഞ്ഞതായും മേയര്‍ പ്രതികരിച്ചു. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ മേയര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ കേസെടുത്തില്ല.

Advertisement