മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു,അപകടത്തിൽ ഒരാൾ മരിച്ചു

Advertisement

തിരുവനന്തപുരം. മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോൺ ഫെർണാണ്ടസാണ് മരിച്ചത്.

പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം. മീൻപിടിക്കാൻ ഫൈബർ വള്ളത്തിൽ പോകുന്നതിന് ഇടയിലാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. ആറുപേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ജോണിനെ രക്ഷപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ ആറു മണിയോടെയാണ് ജോണിൻറെ മൃതദേഹം കണ്ടെത്തിയത്. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ആണ് മരിച്ച ജോൺ. അമ്പത് വയസായിരുന്നു.
നജീബ്, അൻസിൽ, സിദ്ധീഖ്,അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ അൻസാരി, സജീബ് എന്നിവരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. പുതുക്കുറിച്ചി സ്വദേശി നജീബിൻറെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. ഈ മാസം മുതലപ്പൊഴിയിൽ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇന്നത്തേത്