ബസ് ഡ്രൈവറും തിരുവനന്തപുരം മേയറും  തമ്മിലുള്ള  തർക്കത്തിൽ റിപ്പോർട്ട് തിടുക്കപ്പെട്ട് വേണ്ടെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

Advertisement

തിരുവനന്തപുരം. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള നടുറോഡിലെ തർക്കത്തിൽ റിപ്പോർട്ട് തിടുക്കപ്പെട്ട് വേണ്ടെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായി അന്വേഷിച്ച ശേഷം റിപ്പോർട്ട് നൽകിയാൽ മതി എന്ന് നിർദ്ദേശം. പക്ഷം ചേരാത്ത അന്വേഷണം വേണമെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. വിഷയത്തിൽ മേയർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.

മേയർ ഡ്രൈവർ തർക്കത്തിൽ ഗതാഗത മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകിയാൽ മതി. സാവകാശം നൽകിയെങ്കിലും റിപ്പോർട്ട് വൈകിപ്പിക്കരുത്. പിഴവില്ലാത്ത റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി. കേശവദാസപുരം മുതൽ സംഭവസ്ഥലം വരെയുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുവാനും നിർദ്ദേശം നൽകി. റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പൊലീസുമായി സഹകരിക്കണം. ഇന്നലെത്തന്നെ റിപ്പോർട്ട് നൽകാനായിരുന്നു ആദ്യം നിർദ്ദേശിച്ചത്. കെഎസ്ആർടിസി വിജിലൻസ് ഓഫീസറാണ് അന്വേഷിച്ച റിപ്പോർട്ട് നൽകേണ്ടത്.

വിഷയത്തിൽ മേയർക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ഡ്രൈവറുടെ ഭാഗം കേൾക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും രമേശ് ചെന്നിത്തല.

അധികാരമുണ്ടെങ്കിൽ ആരുടെയും നെഞ്ചത്ത് കയറാം എന്ന ധാർഷ്ട്യമാണ് മേയർക്കെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. ഡ്രൈവർ യദുവിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ചീഫ് ഓഫീസിലേക്ക് ടി.ഡി.എഫ് മാർച്ച് നടത്തി. നഗരസഭയ്ക്ക് മുന്നിൽ ഇത് ഓവർടേക്കിംഗ് നിരോധന മേഖല എന്ന പരിഹാസ ബോർഡ് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.