സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു.
പാലക്കാട് തൃശൂർ ആലപ്പുഴ കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്.പാലക്കാട് ഇന്നലെ ഉയർന്ന താപനില സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. തിരുവനന്തപുരം ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു.
പാലക്കാട് ഉയർന്ന താപനില 41°C വരെയും, തൃശൂരിൽ 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് വേനൽ മഴ തുടരാനും സാധ്യതയുണ്ട്.തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലാണ് മഴ സാധ്യത.മലയോര മേഖലകളിൽ കൂടുതൽ വേനൽ മഴ ലഭിച്ചേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.