‘ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയാത്ത നാടായി കേരളത്തെ മാറ്റി’

Advertisement

കന്യാകുമാരി – എട്ട് വർഷത്തെ ഇടത് ഭരണം ആർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയാത്ത നാടായി കേരളത്തെ മാറ്റിയെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ സംഘടിപ്പിച്ച ദ്വിദിന കാര്യകർതൃ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സഭയിൽ എൻ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ ജിഗി അധ്യക്ഷനായിരുന്നു.

ജീവനക്കാരും അധ്യാപകരും പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന ശമ്പളമൊഴികെയുള്ള ഒട്ടുമിക്ക ആനുകൂല്യങ്ങളും സർക്കാർ കവരുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുന്നു. ജോലി ചെയ്യുന്നവരുടെ അവകാശമാണ് ശമ്പളമെന്നും ഔദാര്യമല്ലെന്നും കോടതികൾക്ക് സർക്കാരിനെ ഓർമ്മിപ്പിക്കേണ്ടി വരുന്നു. ക്ഷേമ പെൻഷൻ മുടങ്ങാതെ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ക്ഷേമ പെൻഷൻ സർക്കാരിൻ്റെ ഔദാര്യമാണെന്ന നിലപാട് കോടതിയെ അറിയിച്ചിരിക്കുന്നു. കെ എസ് ആർ ടി സി യിൽ തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്യുന്ന ചെറുപ്പക്കാരനെ, നടുറോഡിൽ വാഹനം കുറുകെയിട്ട് തടഞ്ഞ്‌ നിർത്തി പണി തെറിപ്പിക്കുമെന്ന് വെല്ലുവിളിക്കുന്ന മേയറും എം എൽ എ യും അധികാര രാഷ്ട്രീയത്തിൻ്റെ അടയാളങ്ങളാണ്. പ്രതികരണ ശേഷി നഷ്ടപ്പെട്ട് ഭയന്ന് ജീവിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ച് ദീർഘകാലം അധികാരം ആസ്വദിക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത്. ദിവസങ്ങളോളം ആഹാരവും വെള്ളവും നൽകാതെ മിടുക്കനായ ഒരു ചെറുപ്പക്കാരനെ, പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിൽ ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ സംഘം ചേർന്ന് തടവിൽ വെച്ച് തല്ലിക്കൊന്നത് നൂറ് കണക്കിന് സഹപാഠികൾ നിഷ്കരുണം നോക്കി നിന്ന സംഭവം ഭയപ്പെടുത്തുന്നതാണെന്നും പി എസ് ഗോപകുമാർ പറഞ്ഞു. ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ സ്വാഗതവും ട്രഷറർ കെ കെ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന്
‘സംഘടനാ കാര്യകർത്താക്കൾ അറിഞ്ഞിരിക്കേണ്ട അവശ്യം സർവീസ് ചട്ടങ്ങളും നിയമങ്ങളും’ എന്ന വിഷയത്തിൽ, വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച സീനിയർ സൂപ്രണ്ട് ടി രവീന്ദ്രക്കുറുപ്പ് ക്ലാസെടുത്തു. എൻ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ നായർ അധ്യക്ഷനായി. സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറംകോട് ബിജു സ്വാഗതവും ഉത്തരമേഖലാ സെക്രട്ടറി കെ ഷാജിമോൻ നന്ദിയും പറഞ്ഞു.
‘അധ്യാപനം രാഷ്ട്ര സേവനം, വിദ്യാഭ്യാസം രാഷ്ട്ര പുരോഗതിക്ക്’ എന്ന അധ്യാപക പരിഷത്തിൻ്റെ ധ്യേയ വാക്യത്തെ ആസ്പദമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സമ്പർക്ക പ്രമുഖ് എം ജയകുമാർ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സ്മിത അധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറി കെ വി ബിന്ദുസ്വാഗതവും വനിതാ വിഭാഗം കൺവീനർ പി ശ്രീദേവി നന്ദിയും പറഞ്ഞു.

ശിബിരം ഇന്ന് (ബുധനാഴ്ച) സമാപിക്കും. ‘സംഘടനയും സംഘാടകനും’ എന്ന വിഷയത്തിൽ ഇന്ന് ആർ എസ് എസ് സഹപ്രാന്തപ്രചാരക് വി അനീഷ് പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് എം ടി സുരേഷ് കുമാർ അധ്യക്ഷനായിരിക്കും. സംസ്ഥാന സെക്രട്ടറിമാരായ കെ കെ രാജേഷ് സ്വാഗതവും എ അരുൺകുമാർ നന്ദിയും പറയും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ ശിബിരത്തിൽ പങ്കെടുക്കുന്നു.

Advertisement