തിരുവനന്തപുുരം. മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ നാടകീയ വഴിത്തിരിവ്.കേസന്വേഷണത്തിൽ നിർണായകമാകുമായിരുന്ന ബസിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാനില്ല.മെമ്മറി കാർഡ് ആരെങ്കിലും എടുത്തു മാറ്റിയതാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ്.
മെമ്മറി കാർഡ് എടുത്തു മാറ്റിയതെന്ന് ഡ്രൈവര്‍ യദു ആരോപിച്ചു. അന്വേഷണത്തിന് നിർദ്ദേശം നൽകി ഗതാഗത മന്ത്രി.
മേയർ കെഎസ്ആർടിസി ഡ്രൈവർ സംഘർഷത്തിൽ ഏറ്റവും നിർണായകമായ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് ആണ് കാണാതായത്.
മേയറുടെ കാറും കെഎസ്ആർടിസി ബസും എങ്ങനെയാണ് യാത്ര ചെയ്ത് വന്നതെന്ന് കണ്ടെത്താനും. സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്ന ഡ്രൈവർ യദുവിന്റെ ആരോപണത്തിലും പോലീസിന് ക്യാമറ ദൃശ്യങ്ങൾ ആവശ്യമായിരുന്നു. മെമ്മറി കാർഡ് കണ്ടെത്താൻ ആയില്ലെന്ന് കണ്ടോൺമെന്റ് എസ് എച്ച് ഒ പറഞ്ഞു.
സംഭവദിവസം ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നതായും. മെമ്മറി കാർഡ് ആരെങ്കിലും എടുത്തു മാറ്റിയിട്ടുണ്ടാകുമെന്നും കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു.
മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. കെഎസ്ആർടിസി സി എം ഡി അന്വേഷിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. അതേസമയം മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തും. ബസ്സിൽ ഫോറൻസിക് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഡിപ്പോയിലെ മറ്റു ബസുകളിൽ മെമ്മറി കാർഡുകൾ ഉണ്ട്. അതിനാൽ തന്നെ തർക്കം നടന്ന ബസ്സിൽ നിന്ന് മനപ്പൂർവം മെമ്മറി കാർഡ് എടുത്തു മാറ്റിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേ സമയം മേയർ നേരിടുന്നത് ക്രൂരമായ സൈബർ ആക്രമണമെന്ന് മന്ത്രി വി.ശിവൻകുട്ടി
ബസിൽ നിന്ന് മെമ്മറി കാർഡ് കൂടി കാണാതായതോടെ മേയർ കൂടുതൽ പ്രതിരോധത്തിൽ ആകാനാണ് സാധ്യത. സംഭവം മേയർക്കെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.