ആലപ്പുഴ. ചുവന്ന അരളിയുടെ പൂവ് കടിച്ചു പിന്നാലെ കുഴഞ്ഞു വീണു. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ച യുവതിയ്ക്ക് ദാരുണാന്ത്യം.
പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്‍- അനിത ദമ്ബതികളുടെ മകള്‍ സൂര്യ സുരേന്ദ്രനാണ് (24) മരിച്ചത്. യുകെയില്‍ പോകാന്‍വേണ്ടി നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ പെണ്‍കുട്ടി മരണമടയുകയും ചെയ്യുകയായിരുന്നു. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ചതായി ചികിത്സിച്ച ഡോക്ടര്‍മാരോട് കുട്ടി പറഞ്ഞിരുന്നു. അലര്‍ജ്ജി ഉണ്ടാക്കാവുന്ന ഇത് മരണ കാരണമായേക്കാമെന്ന ഡോക്ടറന്മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
വടക്കേ ആഫ്രിക്കയില്‍ നിന്നുമെത്തിയ നീരിയം ഒലിയാന്‍ഡര്‍ (അപ്പോ സയനേസിയ) എന്ന പേരുള്ള അരളി അടുത്ത കാലത്ത് കേരളത്തില്‍ വ്യാപകമായി പൂജാവസ്തുവായി മാറി. തമിഴ്നാട്ടില്‍ നിന്നും കവറുകളില്‍ ലോഡ് കണക്കിന് അരളിപ്പൂവാണ് എത്തുന്നത്. നിവേദ്യങ്ങളില്‍ ഇത് എത്തുന്നത് പതിവാണ്. ദേശീയ പാത മീഡിയനുകളിലും ഗാര്‍ഡനുകളിലും അരളിച്ചെടി സൗന്ദര്യം പകരുന്നുണ്ട്. കുട്ടികളുടെ ഗാര്‍ഡനുകളില്‍പോലും അരളി വിലസുന്നു.
അരളിച്ചെടിയുടെ കറ,പൂവ്.തേന്‍ ഇല എന്നിവയിലെല്ലാം വിഷാംശമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് പലക്ഷേത്രങ്ങളും ഇത് ഉപേക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. അരളിപ്പൂവ് കഴിച്ചാല്‍ ഇടന്‍ മരിക്കണമെന്നില്ലെങ്കിലും അതിന്റെ അളവ് ഏറിയാല്‍ മരണകാരണമാകാമെന്നും കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു.
ഇതിനെത്തുടര്‍ന്നാണ് പോലീസ് അസ്വാഭിവിക മരണത്തിനു കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയ സ്തംഭനം മൂലമാണ് മരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവ പരിശോധന ഫലം വന്നശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ പറ്റുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു