കോഴിക്കോട്. അന്നശ്ശേരിയിൽ സുഹൃത്തിൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അന്നശ്ശേരി സ്വദേശി അനൂപ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച അനൂപും സുഹൃത്ത് സുബീഷും തമ്മിൽ മദ്യപാനത്തിനിടെ വാക്കു തർക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെ സുബീഷ് അനൂപിന്റെ തലയ്ക്ക് ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു. മാരകമായി പരിക്കേറ്റ അനൂപിനെ സമീപവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ യോടെ അനൂപിന്റെ മരണം സംഭവിക്കുകയായിരുന്നു. എലത്തൂർ പോലീസ് അറസ്റ്റ് ചെയ്ത സുബീഷിനെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.