ന്യൂഡെൽഹി . എസ് എൻ സി ലാവ്ലിൻ കേസ് ഇന്നും സുപ്രീംകോടതി പരിഗണിച്ചില്ല. മറ്റു കേസുകളിലെ നടപടികൾ നീണ്ട സാഹചര്യത്തിലാണ് ലാവലിൻ കേസ് തുടർച്ചയായ രണ്ടാമത്തെ ദിവസവും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്താതിരുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ വേഗത്തിൽ കേസിന്റെ വിചാരണ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇക്കാര്യം ഉന്നയിക്കാൻ സിബിഐ തയ്യാറായില്ല. കേസിലെ മറ്റു കക്ഷികളും പരിഗണന വൈകുന്ന സാഹചര്യം കോടതിയുടെ ശ്രദ്ധയിൽ എത്തിച്ചില്ല. വേനലവധിക്ക് കോടതി അടയ്ക്കുന്നതിന് മുമ്പേ ഒരുതവണകൂടി പരിഗണനയ്ക്ക് എത്തും എന്നാണ് ഇപ്പോഴത്തെ സൂചന. അതുണ്ടായില്ലെങ്കിൽ ജൂലൈയിലോ സെപ്റ്റംബറിലോ ആയിരിക്കും വീണ്ടും കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്.
കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കോടതി കേസ് അടിയന്തിരമായ് കേൾക്കണമെന്നും എത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറാണെന്നും സിബിഐ ഫെബ്രുവരിയിൽ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് ആണ് കോടതി കേസ് മെയ് ഒന്ന് ആയ ഇന്നത്തെയ്ക്ക് മാറ്റിയത്