ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 12 സീറ്റിൽ വിജയസാധ്യത ,സിപിഐ

Advertisement

തിരുവനന്തപുരം.ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 12 സീറ്റിൽ വിജയസാധ്യത എന്ന വിലയിരുത്തലുമായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. സിപിഐക്ക് രണ്ട് സീറ്റിൽ ജയം ഉറപ്പെന്നും വിലയിരുത്തൽ. വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് അലർട്ട് പരിപാടിയുമായി ഡിവൈഎഫ്ഐ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ഉണ്ടാക്കുമെന്നാണ് സിപിഐ എക്സിക്യൂട്ടീവിന്റെ വിലയിരുത്തൽ. 12 സീറ്റുകളിൽ ജയിക്കാൻ സാധ്യതയുണ്ട്. സിപിഐ മത്സരിച്ച നാലിൽ രണ്ട് സീറ്റിലും ജയം ഉറപ്പെന്നും എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തൃശൂരും മാവേലിക്കരയുമാണ് ജയം ഉറപ്പിക്കുന്ന സീറ്റുകൾ. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാം എന്നുമാണ് പ്രതീക്ഷ. വയനാട്ടിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ കഴിയില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാനായി എന്നും സി.പി.ഐ വിലയിരുത്തി.

വടകരയിൽ വർഗീയ ധ്രുവീകരണ ശ്രമം നടത്തുന്നവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ യൂത്ത് അലർട്ട് എന്നപേരിൽ പരിപാടി സംഘടിപ്പിക്കും. നാളെയാണ് പരിപാടി. എൽ.ഡി.എഫ് സ്ഥാനാർഥി കെ കെ ശൈലജയെ അധിക്ഷേപിക്കാൻ ഒരു സംഘം പ്രവർത്തിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ് ആരോപിച്ചു.

പൊന്നാനിയിൽ മുസ്ലിം ലീഗ് പരാജയപ്പെടുമെന്ന അവകാശവാദവുമായി നാഷണൽ ലീഗ് രംഗത്തെത്തി. മലപ്പുറത്ത് ലീഗിന്റെ പതിനായിരക്കണക്കിന് വോട്ടുകൾ ചോർന്നതായും നാഷണൽ ലീഗ് അവകാശപ്പെട്ടു. ലീഗിൻ്റെ കൊടി യയർത്താൻ അനുവദിക്കാത്ത സംഭവത്തിൽ അണികൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നും നാഷണൽ ലീഗ് വിലയിരുത്തുന്നു.

Advertisement