ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

Advertisement

ഗുരുവായൂർ:
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.
ഗുരുവായൂരില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. ഇന്ന് രാവിലെ 6.15നായിരുന്നു മുഹൂർത്തം.

നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂർ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും. നവനീത്‌ യു.കെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.

കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1992 സെപ്തംബർ ഏഴിന് ഗുരുവായൂരില്‍ വച്ച്‌ തന്നെയായിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡല്‍ തരിണി കലിംഗരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.