വാർത്താനോട്ടം

Advertisement

2024 മെയ് 03 വെള്ളി

🌴 കേരളീയം 🌴

🙏ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മേയ് ആറ് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

🙏 കടുത്ത ചൂട് അനുഭവപ്പെടുന്ന ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയുണ്ട്.

🙏 സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

🙏 തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

🙏 ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ ജയിക്കുമെന്ന് സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണ്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയും കമ്മിറ്റി വിലയിരുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിയുമെന്നും എല്‍ഡിഎഫിന് 12 സീറ്റ് കിട്ടുമെന്നും സിപിഐ കണക്ക് കൂട്ടുന്നു.

🙏 പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായേക്കാമെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാമെന്നും എങ്കിലും ആദര്‍ശം കൈവിടരുതെന്നും സമസ്തയില്‍ അടിയുറച്ച് നില്‍ക്കണമെന്നും ജിഫ്രി മുത്തു കോയ തങ്ങള്‍. ലീഗിനെതിരേ സംസാരിച്ച മദ്രസ അധ്യാപകനെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രതികരണം.

🙏 മുന്നറിയിപ്പില്ലാതെ അവധിയെടുത്ത പത്തനാപുരം ഡിപ്പോയിലെ 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് സ്ഥലം മാറ്റവും നല്‍കി. 4 കരാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.

🙏 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരേ കൊടുത്ത പരാതിയിലെ അന്വേഷണറിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കാന്‍ ഐ.ജി. കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ 12 ദിവസമായി സമരം ചെയ്തുവരുന്ന ഐ.സി.യു. പീഡനക്കേസിലെ അതിജീവിത സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

🙏 ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് അനില്‍ ആന്റണി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചും ഈ വിവരം പ്രമുഖ നേതാവടക്കം മൂന്ന് പേരോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അനില്‍ ആന്റണി ഇത് നിഷേധിച്ചാല്‍ പേരുകള്‍ പുറത്ത് വിടുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.

🙏 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കിലോമീറ്റര്‍ നീളമുളള പുലിമുട്ടിന്റെ (ബ്രേക്ക് വാട്ടര്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി. കണ്ടെയ്നറുകള്‍ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ട്രയല്‍ റണ്‍ ജൂണ്‍ രണ്ടാം വാരത്തോടെ നടത്തുമെന്നും തുടര്‍ന്ന് അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏 പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിന്‍ വികസിപ്പിച്ചതെന്നും കോവാക്സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി ഭാരത് ബയോടെക്.. കോവിഷീല്‍ഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്

🙏 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിപോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകളയുമെന്ന പ്രസംഗത്തില്‍ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്.

🙏 കോണ്‍ഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രാജീവ് ചന്ദ്രശേഖറും, സുധാന്‍ഷു ത്രിവേദിയും. കോണ്‍ഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കി എന്നും പരാതിയില്‍ പറയുന്നു.

🙏 പ്രജ്വല്‍ രേവണ്ണയുടെ
ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡിയെ കാണാനില്ല. നേരത്തെ അന്വേഷണവുമായി സഹകരിക്കുമെന്ന് കാര്‍ത്തിക് റെഡ്ഡി പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കാര്‍ത്തിക് റെഡ്ഡിയെ കാണാതായത്.

🙏 റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. ലൈംഗിക അതിക്രമ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണാണ് കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥി.

🙏 കൈസര്‍ഗഞ്ജില്‍ ബ്രിജ്ഭൂഷണിന്റെ മകന് സീറ്റ് നല്‍കിയ ബി ജെ പി നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക് രംഗത്തെത്തി. ‘രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു’ എന്നാണ് സാക്ഷി പ്രതികരിച്ചത്. രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം ബി ജെ പി തകര്‍ത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നില്‍ രാജ്യത്തെ സര്‍ക്കാര്‍ ഇത്ര ദുര്‍ബലമാണോയെന്നും ചോദിച്ചു.

🙏 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ അഞ്ചുലക്ഷത്തിലേറെ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് പാകിസ്താന്‍. അതേസമയം 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെട്ട സിം കാര്‍ഡുകള്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് ഫെഡറല്‍ ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

🏏 കായികം 🏏

🙏ആവേശം അവസാന ഓവര്‍വരെ നീണ്ടുനിന്ന ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തില്‍ അവസാനത്തെ പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്ണിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 76 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഢിയുടെയും 58 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 3 വിക്കറ്റിന് 201 റണ്‍സെടുത്തു.

🙏കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന് ജോസ് ബട്ലറേയും സഞ്ജു സാംസണിനേയും ആദ്യ ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന 67 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 77 റണ്‍സെടുത്ത റിയാന്‍ പരാഗും വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സകലെ രാജസ്ഥാന് വിജയം കൈവിടുകയായിരുന്നു.