പോക്സോ കേസ് ഇരയെന്ന വ്യാജേന പെൺകുട്ടിയെ ഉപയോഗിച്ച് വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Advertisement

കോഴിക്കോട്.പോക്സോ കേസ് ഇരയെന്ന വ്യാജേന പെൺകുട്ടിയെ ഉപയോഗിച്ച് വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ ഉൾപ്പെടെ ആറുപേരെ പ്രതി ചേർത്താണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത ചമച്ച കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് എക്സ‌ിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസി. എഡിറ്റർ കെ. ഷാജഹാൻ, റിപ്പോട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരി, എഡിറ്റർ വിനീത് ജോസ്, കാമറാമാൻ വിപിന് മുരളീധരൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
ക്രൈംബ്രാഞ്ച് എസിപി വി. സുരേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് പ്രത്യേക പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. പോക്സോ ഉപവകുപ്പ് പ്രകാരവും കേസുണ്ട്. ഏഷ്യാനെറ്റ് ജീവനക്കാർ ഉൾപ്പെടെ എഴുപതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഫീസിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ ചിത്രീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ബ്യൂറോയിൽ നിന്നാണെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. കസബ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Advertisement