നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ മാതാവിനെ റിമാൻ്റ് ചെയ്തു,ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ പങ്കില്ലാത്തതിന് കാരണം ഇത്

Advertisement

കൊച്ചി.പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ മാതാവിനെ റിമാൻ്റ് ചെയ്തു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് ഈമാസം പതിനെട്ടാം തീയതി വരെ യുവതിയെ റിമാൻ്റ് ചെയ്തത്. കേസിൽ യുവതിയുടെ ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ പങ്കില്ല എന്ന നിലപാടിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

പ്രസവശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തി കവറിലാക്കി ഫ്ലാറ്റിനുള്ളിൽ നിന്ന് പുറത്തേക്കെറിഞ്ഞ കേസിലാണ് കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് ഇന്ന് റിമാൻഡ് ചെയ്തത്. ഈ മാസം പതിനെട്ടാം തീയതി വരെയാണ് റിമാൻഡ് കാലാവധി. യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിക്ക് അപേക്ഷ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ യുവതിയുടെ ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ ബന്ധമില്ല എന്നുള്ളതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ യുവതി ലൈംഗിക പീഡനത്തിന് ഇരയായി എന്ന സംശയം പോലീസ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരം ഉള്ള ബന്ധമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത് എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ആൺ സുഹൃത്തിനെതിരെ പരാതി നൽകാനും പെൺകുട്ടി തയ്യാറായിട്ടില്ല. ഇതോടെയാണ് ഇയാളെ നിലവിൽ കേസിൽ പ്രതിയാക്കേണ്ട എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. യുവതി പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴിയും ആൺ സുഹൃത്തിന്റെ പക്കൽ നിന്ന് ശേഖരിച്ച വിവരങ്ങളും ശരിയാണെന്ന് ബോധ്യപ്പെടാൻ യുവതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പോലീസ് നിലപാട് ഈ സാഹചര്യത്തിൽ യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നവരെ കാത്തിരിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Advertisement