കോണ്‍ഗ്രസ് ആരും തോല്‍ക്കില്ല, 20 സീറ്റിലും വിജയം തന്നെ

Advertisement

തിരുവനന്തപുരം. അവസാന മണിക്കൂറിലെ പുനസംഘടന തെരഞ്ഞെടുപ്പിൽ പ്രശ്നമായെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ. നാലു മണ്ഡലങ്ങളിൽ കടുപ്പമേറിയ മത്സരമായിരുന്നു എന്നും സ്ഥാനാർത്ഥികളുടെ തുറന്നുപറച്ചിൽ. എന്നാൽ 20 സീറ്റിലും വിജയിക്കാൻ കഴിയും എന്നാണ് കെ.പി.സി.സി നേതൃയോഗത്തിൻ്റെ വിലയിരുത്തൽ.

പലയിടത്തും കടുത്ത മത്സരം നടന്നു എന്ന് പറയുമ്പോഴും 20 സീറ്റും ജയിക്കും എന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. അവസാന മണിക്കൂറിലെ ബ്ലോക്ക് മണ്ഡലം തല പുനസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രശ്നം പരിഹരിക്കാൻ ആയിരുന്നു സമയം പോയതെന്ന് സ്ഥാനാർത്ഥികളുടെ പരാതി. തൃശ്ശൂരിൽ ഇരുപതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷം കെ. മുരളീധരന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തും. നാട്ടിക, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വിഎസ് സുനിൽകുമാർ ലീഡ് ചെയ്യും. ബാക്കി അഞ്ചു മണ്ഡലങ്ങളിലും ലീഡ് യുഡിഎഫിന് ആയിരിക്കും. തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ബിജെപി രണ്ടാംസ്ഥാനത്തെത്തുമെന്നും നേതൃയോഗം വിലയിരുത്തി. സംസ്ഥാനത്ത് നിശബ്ദ തരംഗമായിരുന്നു ഉണ്ടായിരുന്നത്. ഭരണ വിരുദ്ധ വികാരമായിരുന്നു നിശബ്ദ തരംഗമായത്. പോളിംഗ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ആയിരിക്കും ബാധിക്കുക എന്നും കെപിസിസി കണക്കുകൂട്ടുന്നു. എന്നാൽ വോട്ട് ചെയ്യാത്ത ആളുകളെ കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി താഴെത്തട്ടിൽ നിർദേശം നൽകി.

കണ്ണൂരിൽ ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് കെ സുധാകരൻ നേതൃ യോഗത്തിൽ പറഞ്ഞു. എന്നാൽ അവസാനത്തോടെ അത് പരിഹരിച്ചു. അതിനാൽ ജയം ഉറപ്പെന്നും കെ. സുധാകരൻ പറഞ്ഞു. പാലക്കാട് താൻ തോൽക്കും എന്നത് വെറും പ്രചരണം ആയി കണ്ടാൽ മതി എന്ന് വി കെ ശ്രീകണ്ഠൻ യോഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞതവണ താൻ മൂന്നാമതാകുമെന്നായിരുന്നു പ്രചരണം. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്നും വി.കെ ശ്രീകണ്ഠൻ യോഗത്തിൽ പറഞ്ഞു. പാലക്കാട്, കണ്ണൂർ, ആറ്റിങ്ങൽ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരം ആയിരുന്നു എന്നും യോഗം വിലയിരുത്തി. നാലെടുത്തും അവസാന ലാപ്പിൽ ജയിച്ചു കയറും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.