ചട്ടമ്പിസ്വാമികൾ കാലഘട്ടത്തിന്റെ അത്ഭുതം :പി. പ്രസാദ്

Advertisement

പന്മന: സകല കലകളും വിദ്യകളും ഒത്തുചേർന്ന ചട്ടമ്പിസ്വാമികൾ കാലഘട്ടത്തിന്റെ അത്ഭുതമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. പന്മന ആശ്രമത്തിൽ മഹാഗുരു സമാധി ശതാബ്‌ദിയുടെ ഭാഗമായി നടന്ന സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് അനുസ്മരണാദിനം മഹാഗുരു വേദം ആരോഗ്യസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനരംഗത്തും വൈദ്യരംഗത്തും സർവജ്ഞനായിരുന്ന സ്വാമികളുടെ രചനകൾ എല്ലാ പണ്ഡിതന്മാരെയും അത്ഭുതപ്പെടുത്തിയിരുന്നു. മഹാഗുരുവിന്റെ വാക്കുകൾ അഗ്നിജ്വാലകളായിരുന്നു എന്നും അതിൽ നിന്ന് പിൽക്കാലത്തു പല സമരങ്ങളും ഉയർന്നു വന്നുവെന്നും പി. പ്രസാദ് പറഞ്ഞു. സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.  വി. പി. ഗംഗാധരൻ, ഡോ. മാർത്താണ്ഡൻ പിള്ള, ഡോ. വി. രാമകൃഷ്ണപിള്ള, സ്വാമി കൃഷ്ണമയാനന്ദതീർത്ഥ പാദർ, കെ. ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഡോ. ശ്രീജിത്ത് ആർ വേണു  നിർമ്മലാനന്ദഗിരി അനുസ്മരണം നടത്തി. “ചട്ടമ്പിസ്വാമികളും വേദാന്ത സാരവും” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അശ്വതി ഗോപിനാഥനെ ചടങ്ങിൽ ആദരിച്ചു. അനന്തരം പൊതുജനങ്ങൾക്ക് ഡോക്ടർമ്മാരുമായി സംവദിക്കാവുന്ന പാനൽ ചർച്ചയിൽ ശ്രീ: മനു ബാലചന്ദ്രൻ മോഡറേറ്ററായിരുന്നു. തുടർന്ന് അമ്പലപ്പുഴ സുരേഷ് സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളലും പാർവതി എസ് കുമാറിന്റെ മോഹിനിയാട്ടവും കൊല്ലം പെരിനാട് സംഘത്തിന്റെ “സീതകളി”യും നടന്നു.

Advertisement