ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക്‌ നഷ്ടമായത് മൂന്നരക്കോടി രൂപ

Advertisement

തിരുവനന്തപുരം .ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക്‌ നഷ്ടമായത് മൂന്നരക്കോടി രൂപ.സമീപകാലത്ത്‌ റിപ്പോർട്ട്‌ ചെയ്ത ഓൺലൈൻ തട്ടിപ്പുകളിൽ ഭീമമായ തുകയാണ് ഇത്.ഉള്ളൂർ സ്വദേശിയായ ഓൺലൈൻ വ്യാപാരിക്കാണ് കോടികൾ നഷ്ടമായത്.സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.

വലിയ ലാഭം വാഗ്‌ദാനം ചെയ്‌താണ്‌ തട്ടിപ്പുകാർ ഉള്ളൂർ സ്വദേശിയായ ഓൺലൈൻ വ്യാപാരിയെ കഴിഞ്ഞ മാർച്ചിൽ വാട്‌സാപ്‌ വഴി സമീപിച്ചത്‌.വാട്‌സാപ്‌ ഗ്രൂപ്പിൽ 15,000 രൂപയാണ്‌ ആദ്യം നിക്ഷേപിച്ചത്‌.നാലിരട്ടി ലാഭം ലഭിച്ചതോടെ പിന്നീട്‌ രണ്ടാഴ്‌ചയ്‌ക്കകം വൻ തുകകൾ അക്കൗണ്ടിൽനിന്ന്‌ കൈമാറി.1.25 കോടി വരെ ഒരുമിച്ച്‌ കൈമാറിയിട്ടുണ്ട്‌.വലിയ തുക ലാഭവിഹിതം എത്തിയതായി സന്ദേശവും കിട്ടി.കഴിഞ്ഞ ദിവസം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ്‌ തട്ടിപ്പിന്‌ ഇരയായതായി വ്യക്തമായത്‌. തുടർന്ന്‌ സൈബർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.
ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘങ്ങളാണ്‌ തട്ടിപ്പിന്‌ നേതൃത്വം നൽകുന്നതെന്നാണ്‌ പൊലീസ്‌ നിഗമനം.കഴിഞ്ഞ ദിവസവും തിരുവനന്തപുരം നഗരത്തിൽ ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.1.9 കോടി രൂപയാണ്‌ നഷ്ടമായത്‌.പാങ്ങപ്പാറയിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ 1.44 കോടി രൂപയും ശ്രീകാര്യം സ്വദേശിയുടെ 17 ലക്ഷവും കല്ലാട്ടുമുക്ക്‌ സ്വദേശിയുടെ 27 ലക്ഷവും അരുവിക്കര സ്വദേശിയുടെ രണ്ട്‌ ലക്ഷം രൂപയും നഷ്ടമായിരുന്നു.