പെരുമ്പഴുതൂർ സിപിഎമ്മിന് പഴുതായി

Advertisement

തിരുവനന്തപുരം.പെരുമ്പഴുതൂർ സിപിഎമ്മിന് പഴുതായി സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കാൻ സിപിഐഎം ആലോചന. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിലെ സമരങ്ങൾക്ക് ബദലായി കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ ബാങ്കിനെതിരെ സമരം ഉയർത്തിക്കൊണ്ടുവരാനാണ് നീക്കം. ഇതിൻറെ ഭാഗമായി നിക്ഷേപകരുടെ സംഗമം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

നിലവിൽ പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ പതിനെട്ട് കോടി രൂപയിലേറെയാണ് നിക്ഷേപർക്ക് നൽകാനുള്ളത്. ബാങ്കിൽ പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ സിപിഐഎം പ്രദേശിക ഘടകങ്ങൾ ശേഖരിക്കുകയാണ്. ഇതിന് ശേഷം നിക്ഷേപകരുടെ സംഗമം വിളിച്ചുചേർക്കാനാണ് തീരുമാനം. കണ്ടല , കരുവന്നൂർ സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ യുഡിഎഫും , ബിജെപിയും രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതിലൂടെ എൽഡിഎഫ് പ്രതിരോധത്തിലായിരുന്നു. ഇതിന് ബദലായി കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ ബാങ്കിനെതിരെ സമരം ശക്തമാക്കി തിരിച്ചടിക്കാനാണ് നീക്കം.

അറുപത് വർഷമായി ഭരിക്കുന്ന പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ തുടക്കം മുതൽ യുഡിഎഫാണ് ഭരിക്കുന്നത്. നിലവിൽ കോൺഗ്രസ് നേതാവ് എസ് കെ ജയചന്ദ്രനാണ് പ്രസിഡൻറ്. നിലവിലെ പ്രതിസന്ധി വായ്പാ കുടിശ്ശിക പിരിച്ചെടുത്തും, കേരള ബാങ്കിൽ നിന്നും വായ്പ എടുത്തും പരിഹരിക്കാനാണ് ഭരണ സമിതിയുടെ ശ്രമം. എന്നാൽ നിലവിൽ കേരള ബാങ്കിന് പെരുമ്പഴുതൂർ ബാങ്ക് 12 കോടി രൂപ വായ്പ കുടിശ്ശികയായി നൽകാനുണ്ട്. അതുകൊണ്ട് നിലവിലെ കുടിശ്ശിക അടച്ചുതീർക്കാതെ പുതിയ വായ്പ അനുവദിക്കില്ല. മതിയായ ഈടില്ലാതെ വൻ തുക വായ്പ നൽകി തുടങ്ങിയതോടെയാണ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ആക്ഷേപം. കല്യാണ മണ്ഡപം പണിതും സഹകരണ സ്റ്റോർ തുടങ്ങിയും വരുമാന വര്‍ദ്ധനക്ക് തേടിയ വഴികളും തിരിച്ചടിയായി. കൃത്യമായ ഓഡിറ്റിംഗ് പോലും ഇല്ലാതെയാണ് കാര്യങ്ങളെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അനധികൃത വായ്പകൾ തിരിച്ച് പിടിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. അതിനിടെ ഭരണ സമിതിക്കെതിരെ കർശന നടപടി എടുക്കാൻ സഹകരണ വകുപ്പും നീക്കം തുടങ്ങി. ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കീഴിലാക്കാനാണ് നീക്കം.

Advertisement