ഹരികുറിശേരി
പന്മന. മഹായോഗിയും സുഖപ്രസവവും തമ്മിലെന്തുബന്ധം. എന്നാല്‍ അതിശയിക്കേണ്ട മഹാഗുരു ചട്ടമ്പിസ്വാമികളുടേതായി അങ്ങിനെ ഒരു മരുന്നുണ്ട്. അത്യപൂര്‍വമായ യോഗം പന്മന ആശ്രമത്തിലും കരുനാഗപ്പള്ളിയിലെ കന്നേറ്റിവൈദ്യശാലയിലും ലഭ്യമാണ്. ബന്ധുവായ ആരുടെയോ പ്രസവ വൈഷമ്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ അനുചരനായ കുമ്പളത്ത് ശങ്കുപ്പിള്ളക്ക് ചട്ടമ്പിസ്വാമി കുറിച്ചു നല്‍കിയതാണ് സുഖപ്രസവത്തിനുള്ള ഈ ഘൃതം. കുമ്പളത്ത് ശങ്കുപ്പിള്ള അത് ആശ്രമത്തില്‍ ചില വൈദ്യന്മാരെകൊണ്ട് ഉണ്ടാക്കിക്കുമായിരുന്നു. എന്നാലത് അദ്ദേഹത്തില്‍ നിന്നും കുറിപ്പുവാങ്ങി കന്നേറ്റില്‍ രാഘവന്‍പിള്ള വൈദ്യന്‍ തന്റെ വൈദ്യശാലയില്‍ നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യ വൈദ്യകലാനിധി തങ്കമണിയമ്മ പിന്തുടര്‍ന്നു. മകനായ ഡോ. ടിആര്‍ ശങ്കരപ്പിള്ള(കണ്ണന്‍ ഡോക്ടര്‍)മരുന്നിന്‍റെ നിര്‍മ്മാണം ഭക്താദരപൂര്‍വം തുടരുന്നു. ഒരു പരസ്യവുമില്ലാതെ നൂറുവര്‍ഷം കടക്കുന്ന ഈ യോഗം നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട് എന്നതാണ് ഏറെ കൗതുകകരം.
ശ്രീപരമഭട്ടാരഘൃതം എന്നാണ് മരുന്നിന്‍റെ പേര്. ഗര്‍ഭിണിയായി ഏഴാംമാസംമുതല്‍ ഈ നെയ് സേവിക്കണമെന്നാണ് ചിട്ട. ഇത് സേവിച്ചവര്‍ക്ക് പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തതിനാല്‍ ഇതിന് സുഖപ്രസവ ഘൃതം എന്നാണ് പലരും പറയുന്നത്. കുട്ടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ബുദ്ധിക്കും എല്ലാം ഇത് സഹായിക്കുന്നുവെന്നും ഡോ. കണ്ണന്‍ പറയുന്നു. തലമുറകളായി ഈ ഘൃതം തങ്ങളുടെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന മാതാപിതാക്കള്‍ ഈ മേഖലയില്‍ ഏറെയാണ്. അതില്‍ അലോപ്പതി ഡോക്ടര്‍മാരുമുണ്ട്. വലിയ അറിവില്ലാത്ത സാധാരണക്കാര്‍ വൈദ്യശാലയിലെത്തി ചട്ടമ്പിസ്വാമിയുടെ നെയ്യ് എന്നാണ് ഇത് ആവശ്യപ്പെടുന്നത്. മറ്റ് മരുന്നുകള്‍ തയ്യാറാക്കുന്നതിനേക്കാള്‍ ഭക്ത്യാദരപൂര്‍വമാണിത് തയ്യാറാക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.

കന്നേറ്റില്‍ ഡോ.ടി ആര്‍ ശങ്കരപ്പിള്ള(കണ്ണന്‍ ഡോക്ടര്‍)
കുമ്പളത്ത് കുടുംബാംഗം പ്രഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ ഇതുസംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക്മുമ്പ് ലേഖനം എഴുതിയിരുന്നു..കുട്ടി തിരിഞ്ഞു കിടക്കുന്ന അവസ്ഥയില്‍ തന്റെ വളരെ കോംപ്‌ളിക്കേറ്റഡ് ആയപ്രസവം അപകടരഹിതമാക്കിയത് ഈ മരുന്നിന്റെ കഴിവാണെന്ന് അവര്‍ വിവരിച്ചിരുന്നു. ആദ്യ കാലത്ത് ആശ്രമത്തില്‍നിന്നാണ് തങ്ങള്‍ക്ക് ഇത് ലഭിച്ചിരുന്നതെന്ന് ശാന്തകുമാരിഅമ്മ ഓര്‍ക്കുന്നു. കുടുംബത്തിലെ പഴയ തലമുറയിലെ എല്ലാ സ്ത്രീകളും ഇത് ഉപയോഗിക്കുകയും സീസേറിയന്‍ എന്ന അക്കാലത്തെ പേടിസ്വപ്നത്തെ മറികടക്കുകയും ചെയ്തിരുന്നു എന്ന ശാന്തകുമാരിഅമ്മ ഓര്‍ക്കുന്നു. ഇപ്പോള്‍ ലഭ്യതക്കുറവാണ് പ്രശ്‌നം. പുതിയ തലമുറയ്ക്ക് സീസേറിയനെ അത്ര ഭയവുമില്ല.
നാനാവിധ മേഖലകളില്‍ വ്യാപരിച്ചിരുന്ന ചട്ടമ്പിസ്വാമിയുടെ സിദ്ധിക്ക് ഉദാഹരണമായി ഇതും കണക്കാക്കാവുന്നതാണ്.