പന്മന: ഒരു മഹാപ്രസ്ഥാനമായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ സമൂഹത്തിനു വേണ്ടി നിലകൊണ്ട മഹാഗുരുവായിരുന്നു ചട്ടമ്പിസ്വാമികളെന്ന് പ്രമുഖ നോവലിസ്റ്റ് റ്റി. ഡി. രാമകൃഷ്ണൻ. ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച മഹാഗുരുസാഹിതിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പൊതുബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന മഹാത്മാക്കളുടെ ദർശനങ്ങളെ വിലയിരുത്താൻ കഴിയില്ല. ഓരോ കാലത്തിന്റെയും ശരിതെറ്റുകളെ കണ്ടെത്തി,സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കുന്നവരാണ് യഥാർത്ഥ മഹാത്മാക്കൾ. അവരുടെ അഭാവമാണ് ഇപ്പോൾ പേടിയുണ്ടാക്കുന്നതെന്നും റ്റി. ഡി. രാമകൃഷ്ണൻ പറഞ്ഞു.
കേരളം നവോത്‌ഥാനത്തിന്റെ വിപരീതദിശയിൽ സഞ്ചരിക്കുകയാണെന്നു പ്രമുഖ നിരൂപകൻ വി. രാജകൃഷ്ണൻ പറഞ്ഞു.മതവർഗീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഭരണകൂടങ്ങൾ ഭാവിയ്ക്ക് വലിയ ഭീഷണിയാണ്. ഈ കാലഘട്ടത്തിലാണ് ജാതിഭേദത്തിനെതിരെ അറിവിന്റെ വിപ്ലവം നടത്തിയ ചട്ടമ്പിസ്വാമിയുടെ പ്രസക്തിയെന്നും രാജകൃഷ്ണൻ പറഞ്ഞു. കെ.സി നാരായണന്റെ അദ്ധ്യക്ഷതയിൽ ആഷാ മേനോൻ, ഡോ. കെ.ബി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന മഹാ ഗുരു സൗഹൃദം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കെ.സി.രാജന്റെ അദ്ധ്യക്ഷതയിൽ സന്തോഷ് തുപ്പാശ്ശേരി, ജയചിത്ര, ചവറ ഹരീഷ് കുമാർ, കുണ്ടറ ജി. ഗോപിനാഥ്, കെ.ജി.ശ്രീകുമാർ, എം.സി. ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു.തുടർന്ന്, സംഗീത സദസ്സും നൃത്ത സന്ധ്യയും നടന്നു.