വാർത്താനോട്ടം

Advertisement

2024 മെയ് 08 ബുധ

🌴കേരളീയം 🌴

🙏 ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്.

🙏 മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ മാസം മുപ്പതിലേക്ക് മാറ്റി. എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയാണ് 30 ലേക്ക് മാറ്റിയത്.

🙏 മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്.

🙏 മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം.

🙏 ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന പ്രതിഷേധത്തില്‍ നാലാംദിവസവും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റിന് പോലീസ് സംരക്ഷണം തേടാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.

🙏 വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷിന തുടര്‍ചികിത്സക്ക് ക്രൗഡ് ഫണ്ടിങ്ങിന് ഇറങ്ങുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹര്‍ഷിന പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. പണം സ്വരൂപിക്കാന്‍ ഈ മാസം 15 മുതല്‍ സമര സമിതി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും.

🙏 ബംഗ്ലദേശ്, ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അരലക്ഷത്തിലേറെ അഭയാര്‍ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ കഴിയുന്നതായി മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അസമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണു കണ്ടെത്തല്‍.

🙏 ശശി തരൂര്‍ തിരുവനന്തപുരത്ത് തോറ്റു തുന്നം പാടുമെന്ന് പ്രകാശ് ജാവദേക്കര്‍. രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും അഭിപ്രായപ്പെട്ടു.

🙏 താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്കും പി.ടി.എ.യ്ക്കും അനുമതി നല്‍കിയത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.

🙏 ബിലീവേഴ്സ്
ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു. ടെക്സസില്‍ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

🙏 കഴക്കൂട്ടത്ത് ടിപ്പര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ വെട്ടുറോഡിലാണ് അപകടം നടന്നത്.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ ഇടിവ്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 67.4 ശതമാനമായിരുന്നു പോളിംഗ്.

🙏 ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു. ഇതോടെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. 90 അംഗ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 42 ആയി കുറഞ്ഞു.

🙏 ദില്ലിയില്‍ ഇന്നലെ നടന്ന ഡെല്‍ഹി കാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം. എഎപിയുടെ വിദ്യാര്‍ത്ഥി യൂണിയനായ ഛത്ര യുവ സംഘര്‍ഷ് സമിതി പ്രവര്‍ത്തകരാണ് കെജ്രിവാളിന്റെ ചിത്രം പതിച്ച മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് പ്ലകാര്‍ഡുകളും കൈയിലേന്തി പ്രതിഷേധിച്ചത്.

🙏 പ്രജ്വല്‍ രേവണ്ണക്കെതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ഡി കുമാരസ്വാമി. ഇപ്പോള്‍ നടക്കുന്നത് സിദ്ധരാമയ്യ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണമാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തില്‍ ഇടപെടുന്നുണ്ട് എന്നും
അദ്ദേഹം വിമര്‍ശിച്ചു.

🙏 മുസ്ലീം വിഭാഗത്തിന് പൂര്‍ണ്ണ സംവരണം വേണമെന്ന ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന ആയുധമാക്കി നരേന്ദ്ര
മോദി. ലാലുവിന്റെ പ്രസ്താവന നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്നലത്തെ റാലികളിലാണ് പ്രധാനമന്ത്രി ആയുധമാക്കിയത്.

🙏 തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്ന സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

🙏 നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന
താരങ്ങളും ഇന്‍ഫ്ലുവെന്‍സര്‍മാരും, പരസ്യനിര്‍മ്മതാക്കളെ പോലെ
ഉത്തരവാദികളാണെന്ന് സുപ്രീം കോടതി.

🙏 പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016-ലെ മുഴുവന്‍ റിക്രൂട്ട്‌മെന്റ് നടപടികളും റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.

🇦🇽 അന്തർദേശീയം 🇦🇽

🙏 റഷ്യന്‍ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുതിന്‍ അഞ്ചാം തവണയും അധികാരമേറ്റു. മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് 71-വയസ്സുകാരനായ പുതിന്‍ വീണ്ടും അധികാരം ഏറ്റെടുത്തത്.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 20 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 36 പന്തില്‍ 65 റണ്‍സെടുത്ത അഭിഷേക് പോറലിന്റേയും 20 പന്തില്‍ 50 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മഗ്രൂക്കിന്റേയും 20 പന്തില്‍ 41 റണ്‍സെടുത്ത ട്രിസ്റ്റാന്‍ സ്റ്റബ്സിന്റേയും മികവില്‍ 221 റണ്‍സെടുത്തു.

🙏 കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒറ്റക്ക് പൊരുതിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പതിനാറാം ഓവറില്‍ 46 പന്തില്‍ 86 റണ്‍സുമായി പൊരുതിയ സഞ്ജുവിനെ ടിവി അമ്പയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതായിരുന്നു രാജസ്ഥാന്റെ തോല്‍വിയില്‍ വഴിത്തിരിവായത്.

Advertisement