പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ മേയ് 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും
ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍
ട്രയല്‍ അലോട്ട്മെന്റ് തീയതി: മേയ് 29
ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 5
രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 12
മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 19
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2024 ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ജൂലായ് അഞ്ചിനായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.
ഇത്തവണ ഇങ്ങനെ….
പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കുന്നതാണ്.
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് (14) മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദ്ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
2024-25 അധ്യയന വര്‍ഷം പ്ലസ്വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്മെന്റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ ചുവടെ പ്രതിപാദിക്കും പ്രകാരം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 % സീറ്റ് വര്‍ദ്ധനവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% സീറ്റ് വര്‍ദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.
കൊല്ലം, എറണാകുളം ,തൃശ്ശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ,എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഇല്ല. 2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-24 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരുന്നതാണ്.