തിരുവല്ല: മൊറാൻ മോർ അത്തനാസിയസ് യോഹാൻ എന്ന കെ.പി.യോഹന്നാൻ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനും നിലവിലെ മെട്രോപൊളിറ്റൻ ബിഷപ്പും കൂടിയാണ് .ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻഗണന നൽകി.ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്.ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാൻ ശതകോടികളുടെ ആസ്തിയുള്ളയാളായി വളർച്ച പ്രാപിച്ചു.മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചർച്ചിനുള്ളത്. അദ്ദേഹത്തിനു കീഴിലുള്ള ഗോസ്പൽ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്.
കുട്ടനാട്ടിൽ അക്കാലത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു കുടുംബം. കുട്ടിക്കാലത്ത് യോഹന്നാനും ആ പണി ചെയ്തിരുന്നു.എന്നാൽ കൗമാര കാലത്തുതന്നെ അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷം പ്രസംഗിച്ച് നടന്ന വെറും ഒരു പാസ്റ്റർ മാത്രം ആയിരുന്നു അക്കാലത്ത് യോഹന്നാൻ.
16ാമത്തെ വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ (ഒ എം)എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നത് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറി. ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് ചേർന്നു. 1974ൽ അമേരിക്കയിലെ ഡള്ളാസിൽ ദൈവശാത്രപഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാൻ നേറ്റീവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി. ഓപ്പറേഷൻ മൊബിലൈസേഷൻ യോഹന്നാനൊപ്പം സേവനം ചെയ്ത ഗിസല്ലയെ യോഹന്നാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം കഴിച്ചു. ഇതും യോഹന്നാന്റെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവായി. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു.